Sunday, April 28, 2013

നന്മകള്‍ നാടുനീങ്ങും വിധം

വര്‍ഷിണി വിനോദിനി എഴുതിയ "അതിശയപ്പൂവി"നെപ്പറ്റി 



ണ്ടറുതിയുടെ ഘടികാരമെന്നപോലെ അതിശയിപ്പിക്കുന്ന കൃത്യതയോടെ പഞ്ചാംഗത്തിലെ പെയ്ത്തുകോളങ്ങള്‍ നനച്ചും തുവർത്തിയും കാലത്തിന്റെ ഋതുമാറ്റങ്ങളെ മാധവി നിരന്തരം അടയാളപ്പെടുത്തിക്കൊണ്ടിരുന്നു. പരിഗണനയുടെ ലയഭംഗിയാർന്ന തോറ്റംപാട്ടുകൾക്കിടയിലേക്കാണ് ആയകാലത്ത് അവൾ ഉന്മാദാരവങ്ങളോടെ പെയ്തിറങ്ങിയത്. 

മാധവിയെന്ന നാട്ടുമണ്ണിന്റെ കാര്യക്കാരിയുടെ വിളിപ്പുറത്ത് ഗ്രാമം ഒന്നടങ്കം ചെവിയോർത്ത് നിന്നു. വിളിയെത്തുംമുമ്പെ തന്നെ അവരുടെ പ്രതീക്ഷകൾക്കുമേൽ അവൾ തണിയായ് പൊഴിഞ്ഞമർന്നു. മാധവിയുടെ സഞ്ചാരദിശ നിർണ്ണയിച്ചിരുന്ന താന്തോന്നിക്കാറ്റിനോളം സമയനിഷ്ഠയോ നിഷ്കളങ്കതയോ കാലത്തിന്റെ പുത്തൻരീതികൾക്കില്ലായിരുന്നു. മാറിയ ചുറ്റുപാടുകൾ അവൾക്കായി കരുതിവച്ച നിയോഗം മറ്റൊന്നായിരുന്നു. വർഷിണി വിനോദിനിയുടെ (പെയ്തൊഴിയാൻ) 'അതിശയപ്പൂവ്' പെണ്മയുടെയും പെയ്ത്തിന്റെയും വിചലിതകാലത്തിന്റെ കഥ പറയുകയാണ്.

മേഘങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് മേൽ മഴുവെറിഞ്ഞവരോട് കാലത്തിന്റെ കണക്കുപറച്ചിൽ ഒരു മഴമറയ്ക്കപ്പുറത്തെ ഗ്രാമ്യശീലങ്ങളിലൂടെ വിശദീകരിച്ച് തരികയാണ് വർഷിണി. മാധവിയെന്ന പ്രതീകത്തിലൂടെ 'അതിശയപ്പൂവ്' പ്രകൃതിയുടെ നയം പ്രഖ്യാപിക്കുന്നു.  ചങ്കൂറ്റവും തന്റേടവും കത്തിപ്പടരുന്ന സൗന്ദര്യവും ഒത്തുചേർന്ന ഡിമാന്റ് ഉള്ള ചരക്കിനെ തേടി ദൂരദേശങ്ങളിൽ നിന്നും ആവശ്യക്കാർ ആറുകടന്നെത്തിയത് പുതിയ കാലത്തിന്റെ സ്വാഭാവികത തന്നെയെന്ന് നാട്ടുചന്ത അടക്കം പറഞ്ഞു. പുറംവരവുകാരുടെയും വരവിന്റെയും പളപ്പിൽ മയങ്ങി, അറിഞ്ഞോ അറിയാതെയോ അവർ ചായ്പ്പുകളിൽ വരത്തന്മാർക്ക് നിരയും നിലവാരവുമൊപ്പിച്ച് പായ് വിരിച്ചു.  

മലകൾക്കും മാവുകൾക്കും മറഞ്ഞുനിന്ന് ഇരയുടെ ബോധബലക്ഷയങ്ങളെ സവിസ്തരം പഠിച്ചൊരുങ്ങി മികച്ച അവസരത്തിനായി ആവശ്യക്കാര്‍ മുഷിവേതുമില്ലാതെ കാത്തിരുന്നു. ഇവ്വിധം എല്ലാ മുന്നൊരുക്കത്തോടെയും മാധവിയെ മെരുക്കാനെത്തിയ പവിത്രന്റെ കൈക്കരുത്തിനെ ചെറുക്കാനുള്ള ചങ്കൂറ്റം അവളുടെ തന്റേടത്തിനില്ലായിരുന്നു.  നാട്ടുവിളയുടെ ഭൂഞരമ്പുകളിൽ ജീവജലം പകർന്നുകൊണ്ടിരിക്കെ മാധവി പവിത്രന്റെ ചൂണ്ടുദിശയുടെ അനുഗാമിയായത്, അഥവാ ആയിപ്പോയത് അങ്ങനെയാണ്.

പിന്നെപ്പിന്നെ ധൃതിപിടിച്ചോടുന്ന ടിപ്പർ ലോറികളിലും ആയാസപ്പെട്ട് നീങ്ങുന്ന ട്രക്കുകളിലും നന്മകൾ പുഴകടന്ന് പോകുന്നത് അവളറിഞ്ഞു. അവൾക്കൊന്നിനുമാവില്ലായിരുന്നു. ഏച്ചുകെട്ടിയ ഒരു കയ്യൂക്കിനെ പിൻപറ്റി  ഉലയുന്നൊരു വഞ്ചിയായി  ഗതികേടിലൂടെ അവൾ ഒഴുകി നീങ്ങി.

ഒന്നിനുമാവാത്ത മാധവിയെ ഇനിയെന്തിന്...? കൂടുതൽ 'ഹൈജനിക്' ആവാൻ ചിലതൊക്കെ വലിച്ചെറിയണം. ചിലതൊക്കെ പൂട്ടി വെയ്ക്കണം, വയലുകൾ ഉപേക്ഷിക്കപ്പെട്ടു. പത്തായപ്പുരകൾക്ക് താഴ് വീണു. 

ശാപവചനങ്ങൾ, ആണൂക്കിന്റെ താക്കീതുകൾ,  'ശ്ശോ' എന്ന സഹതാപാർദ്രമായ ചിറികോട്ടലുകൾ, അവളൊന്നും ഉരിയാടിയില്ല. നിസ്സംഗതയുടെ നീളൻകുപ്പായമിട്ട് തീ ചൊരിയുന്ന സൂര്യനെ നോക്കി വെറുതെ ചിരിച്ചു. തിരിച്ചറിവിന്റെ ആത്മവിശ്വാസം സ്ഫുരിക്കുന്ന ചിരി. അരിക്കും നെല്ലിനും വില കുറയുന്നത് അവളുമറിഞ്ഞു. വലിച്ചെറിയാൻ അവൾക്കുമുണ്ടായിരുന്നു പലതും. സ്ഥാനത്തും അസ്ഥാനത്തും അവൾ  രീതികളും മാമൂലുകളും മെതിച്ചടുക്കിത്തുടങ്ങിയത് അവിടം മുതലാണ്. പകൽക്കിനാവിൽ മയക്കം പൂണ്ടതും നിലാവത്ത് നടക്കാൻ തുടങ്ങിയതും അന്നുതൊട്ടാണ്.

പരിലാളനയ്ക്ക് കാലപ്പഴക്കമായി എന്ന് തിരിച്ചറിഞ്ഞതിനാലാവണം പവിത്രന്റെ പെൺഗമനങ്ങൾ പോലും അവളിൽ ഞെട്ടലുണ്ടാക്കിയില്ല. അവന്റെ രാവരവുകൾക്ക് കുറുകെ ഉറക്കം നടിച്ചുകൊണ്ട് ഉല്‍പ്പത്തിയുടെ സാധ്യതകളെ പോലും അവൾ പാടെ നിരാകരിച്ചു.

മാറിയ മാധവിയുടെ പക്ഷം പിടിക്കാൻ, അവളെ അതിശയപ്പൂവെന്ന് വീണ്ടും വിളിക്കാൻ ബസ്സ് കയറിയെത്തിയവർ പോലും അറച്ച് നിന്നു. മഴയുടെ വിധിയാണത്. നെഞ്ചേറ്റി ഓമനിച്ചവർ തന്നെ തീക്കൊള്ളി കൊണ്ട് പൊള്ളിക്കുന്ന ദുർവ്വിധി.

മാധവി തീരുമാനിച്ചുഇങ്ങനെ ശരിയാവില്ല, ഒരു തീരുമാനം എടുത്തേ മതിയാവൂ. മാറാൻ കൂട്ടാക്കാത്തവർക്കുമേൽ മാറ്റത്തിന്റെ കൊടുങ്കാറ്റാവണം. തീക്കാറ്റ് പോലെ പെയ്ത്തുകൂലി പ്രഖ്യാപിച്ച് വരണ്ട മണ്മാടങ്ങളിൽ വിത്ത് പാകാനായി മാധവി ഒരുമ്പെട്ടിറങ്ങിയത് അങ്ങനെയാണ്.


പെയ്യണോ എന്ന് ചോദിച്ച് കൊണ്ട് മേഘരൂപിണിയായി നിലകൊള്ളുന്ന മാധവിയുടെ പൂർണ്ണകായചിത്രം വായനക്കാരനിൽ സന്നിവേശിപ്പിക്കാൻ കഥയ്ക്കായിട്ടുണ്ടെന്ന് വായനക്കാരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാവുന്നു. 'ഭാര്യാപദവിയ്ക്ക് ശമ്പളം കിട്ടണം' എന്ന പ്രസ്താവത്തിന്റെ ചുവട് പിടിച്ചാണ് അഭിപ്രായങ്ങൾ മിക്കതും പുരോഗമിച്ചതെങ്കിലും ചിലരെങ്കിലും കഥയിലെ സാങ്കേതിക പിഴവുകളെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തികഞ്ഞ ആത്മാർത്ഥതയോടെ വ്യക്തമായ സൂചകങ്ങൾ സഹിതം വന്ന വിമർശനങ്ങളിൽ പലതും കഥാകാരിയുടെ പ്രത്യേക ശ്രദ്ധയർഹിക്കുന്നതാണ്. അവസാന മിനുക്കുപണിയിലൂടെ ഒഴിവാക്കാനാവുമായിരുന്ന ചില കൈയബദ്ധങ്ങൾ വായനയുടെ ഒഴുക്കിന് തടസ്സമാവുന്നുണ്ട്.

ശൈലീഭ്രമം ചിലയിടത്ത് വാഗ്ഘടനക്കും സന്ദർഭത്തിനും അഭംഗിയാവുന്നുണ്ടെങ്കിലും വർഷിണീശൈലിയുടെ വന്യമായ നിഷ്കളങ്കഭാവം തന്നെയാണ് പതിവുപോലെ ഈ കഥയുടെയും വായാനാസുഖത്തെ നയിക്കുന്നത്. സാധ്യതകളെ ഇഷ്ടംപോലെ ഉപയോഗിച്ചുകൊള്ളൂ എന്ന നിസ്സംഗഭാവത്തോടെ വർഷിണി 'അതിശയപ്പൂവി'ൽ ചില ജാലകങ്ങൾ തുറന്ന് വെച്ചിട്ടുണ്ട്. ഗൗരവമുള്ള വായന ആഗ്രഹിക്കുന്നവരെ ആഹ്ലാദചിത്തരാക്കുന്നതും ഈ പഴുതുകൾ തന്നെയാവും. ബോധപൂർവ്വമോ അല്ലാതെയോ സംഭവിച്ച കഥയിലെ ചില ചേരായ്കകൾ, അവിചാരിതമായി 'പുതിയ' കഥകളിലേക്കുള്ള കൈത്തോടുകളാവുന്നുമുണ്ട്. തുറന്നുവച്ച സാധ്യതകളെ ഏതുരീതിയിൽ ഉപയോഗപ്പെടുത്തുന്നു എന്നതിനനുസരിച്ചാവും ഈയിടെയിറങ്ങിയ മികച്ച കഥകളിൽ ഒന്നായ അതിശയപ്പൂവിന്റെ സ്ഥാനം നിശ്ചയിക്കപ്പെടുക.


=====================================================

ഇരിപ്പിടം വാരികയില്‍ പ്രസിദ്ധീകരിച്ചത്

8 comments:

  1. അനുയോജ്യമായ വായന

    ReplyDelete
  2. അതിശയപ്പൂവ് അടക്കം ടീച്ചറുടെ ഓരോ കഥയും സവിശേഷമായ വായനയും വിലയിരുത്തലും ആവശ്യപ്പെടുന്നുണ്ട്. ഇത്തരം വായനകൾ രചനകളെ അനുവാചകരിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. ഇരിപ്പിടത്തിൽ വായിച്ചിരുന്നു. സ്വന്തം ബ്ലോഗിൽ ഇത് അവതരിപ്പിച്ചത് എന്തുകൊണ്ടും നല്ലത്.....

    ReplyDelete
  3. മികച്ച കഥകളുടെ മികച്ച വായന ..ഹാറ്റ്സ് ഓഫ്‌

    ReplyDelete
  4. അതിശയപ്പൂവ് വായിച്ചു അതിശയിച്ചു ഇരുന്നു പോയി !

    ReplyDelete
  5. ന്നെ അതിശയിപ്പിച്ച വായന..സ്നേഹം..!

    ReplyDelete
  6. അതെ അതെ.. വായന വളരെ നന്നായി....

    ReplyDelete
  7. നല്ലൊരു രചനയുടെ മികച്ച വായന..
    ഉസ്മാനും , വര്‍ഷിണിക്കും ആശംസകള്‍...

    ReplyDelete
  8. അതിശയപ്പൂവില്‍ അതിശയിച്ച് പോയൊരു വായനാനുഭവം .മനോഹരമായിരിക്കുന്നു..വിനു...ഭാവുകങ്ങള്‍ ..!!!

    ReplyDelete