Wednesday, May 8, 2013

സ്നേഹാടനപ്പക്ഷികൾ

 നിസാര്‍ എന്‍.വി. യുടെ 'ആകാശം നഷ്ടപ്പെട്ട പറവകള്‍' എന്ന കഥയുടെ വായന  


നിന്റെ ആൺതിമിരിന് ഒരു രാവുണർച്ചയുടെയോ മഴയാറലിന്റെയോ വിലയും ആയുസ്സുമേയുള്ളൂ എന്ന് സ്ത്രീജന്യരാഗത്തിലെ ഒരു പഴമ്പാട്ടിലൂടെ ഓരോ പെൺപ്രപഞ്ചവും സ്നേഹപുരസ്സരം ആൺലോകത്തോട് സമർത്ഥിക്കുന്നുണ്ട്. പെണ്ണിന് സുകൃതമായി കിട്ടിയ ഒരീണത്തിൽ, മഞ്ഞിനെയും മഴയെയും നിലാവിനെയും സ്നേഹിച്ച്, തായ്മുറകൾ കൈമാറിയെത്തിയ ആ പാട്ട് പാടുമ്പോഴൊക്കെയും അവൾ  ഉള്ളം തുറന്ന് സ്വയം സമർപ്പിക്കുകയാണ്. 

ആൺകോയ്മയ്ക്ക് വിധേയമാവുക എന്ന പെൺകുലത്തിന്റെ പ്രാകൃതനിയതിയും, പകൽനേരുകളെ നിരാകരിക്കുക എന്ന പ്രണയാന്ധതയുടെ നാട്ടുനടപ്പും കുഴച്ച് പരുവപ്പെടുത്തിയ കുമ്മായക്കൂട്ടിലാണ് നിസർഗ്ഗം ബ്ലോഗിൽ നിസാർ എൻ.വി 'ആകാശം നഷ്ടപ്പെട്ട പറവകൾ' എന്ന കഥയുടെ  ചുവടുപാകിയിട്ടുള്ളത്. അനുരാഗചിന്തയുടെ ജനിതകവൈകല്യമായ ചുറ്റുപാടുകളുടെ നിസ്സാരവത്ക്കരണം എന്ന അത്യാചാരത്തിൽനിന്നും ഞങ്ങളായിട്ടെന്തിന് മാറിനിൽക്കണമെന്ന ചോദ്യമെയ്ത്, കിനാവുകൾ ഇന്ധനമാക്കി, കുറ്റകരമായ ഒരു ഗതിമാറ്റത്തിന് വിധേയരാവുന്ന ഇണപ്പക്ഷികളാണ് ഇവിടെ കഥയുടെ മുമ്പേ പറക്കുന്നത്.


കാലവും മനുഷ്യനും ജീവിതവും പരിസ്ഥിതിയുമെല്ലാം പ്രതിപാദ്യവിധേയമാവുമ്പോഴും കഥയിലുടനീളം ഉജ്ജ്വലമായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന 'അവൾ' എന്ന പ്രതിഭാസമാണ് ഈ രചനയുടെ നക്ഷത്രശോഭ. ആണെന്ന ചുരുക്കെഴുത്തിൽ സ്വയം തളച്ചിടാനുള്ള അവസരങ്ങൾ ഒന്നുപോലും പാഴാക്കാതെ 'അവൻ' കഥയിലുടനീളം പൗരുഷത്തിന്റെ പതിവുനാട്യങ്ങൾ ചമയ്ക്കുന്നു.  ആൺപോരിമ ആവർത്തിച്ചുറപ്പിക്കാനുള്ള വ്യഗ്രതയിൽ തലതിരിഞ്ഞ വികസനേച്ഛുക്കളുടെ നേർപ്രതീകമായി അവൻ അവളുടെ അഭിലാഷങ്ങളെ പരിഗണിക്കുന്നേയില്ല.

അവളുടെ വിവരക്കേടിനെയും സ്നേഹപ്പേച്ചുകളെയും നിർദ്ദയം കളിയാക്കുമ്പോൾ അവൻ വെറുമൊരു ആണായി ഒതുങ്ങുന്നു. മറുപുറത്ത് ഇഷ്ടമായ് നിറഞ്ഞുപെയ്ത് അവൾ അവനായി മാത്രം ഉരുകുകയും ഉറയുകയും ചെയ്തു. അവന് ആശ്വാസവും അഹങ്കാരവുമായി  അവന്റെ നിലപാടുകളിലേക്കും നിശ്ചയങ്ങളിലേക്കും അവളുടെ ആരാധന നിറഞ്ഞ മിഴികൾ പൂത്തുവിടർന്നു.  ഈ പാരസ്പര്യം തന്നെയായിരിക്കണം അവരുടെ പ്രണയത്തിന് മഴയീണങ്ങൾ നൽകിപ്പോന്നത്. അല്ലെങ്കിലും അവളുടേതുപോലൊരു സമർപ്പിതമനസ്സിനെ ആർക്കാണ് പ്രണയിക്കാതിരിക്കാനാവുക! ആൺകുപ്പായത്തിന്റെ മൊഴിവഴക്കത്തിൽ 'അവളല്ലെങ്കിലും അത്രയേയുള്ളൂ' എന്ന സാമാന്യവത്കരണം പോലും അവളുടെ നിഷ്കപടമായ സ്നേഹത്തിന്റെ പ്രകീർത്തനമായി വായനക്കാരന് അനുഭവേദ്യമാവുന്നതും അതുകൊണ്ടാണ്.  ഒരു കടലോളം സ്നേഹം അവനും അവൾക്കായി കരുതിവച്ചിരുന്നു.

മുന്നറിയിപ്പുകളെ അവഗണിക്കാൻ ഇരുപുറങ്ങളിലും മുദ്രാവാക്യസമാനമായ കാരണങ്ങൾ എമ്പാടും ലഭ്യമാണെന്നിരിക്കെ ആ ഇണക്കിളികൾ പുതുലോകത്തിന്റെ സാധ്യതകൾ അന്വേഷിച്ചത് എങ്ങനെയാണ് തെറ്റാവുക... വിഷാദവും വൈരസ്യവുമാണ് വർത്തമാനത്തെ ബാധിച്ച മഹാരോഗങ്ങളെന്നിരിക്കെ ആവർത്തനപ്പറക്കലിൽ നിന്ന് ഒരു മാറ്റം ആഗ്രഹിച്ച ആ യുവമാനസങ്ങളെ കുറ്റപ്പെടുത്തുന്നതെങ്ങനെ... ആപത്സാധ്യതകളിൽ മനമിളകാതെ 'ഒന്നിച്ചിത്തിരി ദൂരമെങ്കിലും' എന്ന ഒരേയിഷ്ടത്തിലേക്ക് ഒരു പുറപ്പാടിനെങ്കിലുമായില്ലെങ്കിൽ അതെങ്ങനെയാണ് പ്രണയമാവുക...



കഥയിൽ നിന്ന് കാര്യത്തിലേയ്ക്ക് വായനയുടെ കാലഭേദം സംഭവിക്കുന്നത് മാംഗ്രൂ കാടുകൾക്ക് മുകളിലെ വിഷപ്പാളികളിൽ വച്ച് പെൺകിളിയുടെ ചിറകുകൾക്ക് ആയം നഷ്ടപ്പെടുമ്പോഴാണ്. മനുഷ്യനെന്ന കറുത്ത പുള്ളി വരുത്തി വെച്ച ഭീകരമായ നഷ്ടങ്ങളിലേക്ക് അവരും നമ്മളും കണ്ണുതുറക്കുന്നതും അപ്പോൾ മാത്രമാണ്. 

മുത്തച്ഛന്റെ കഥാകാലത്തുണ്ടായിരുന്ന കടൽപ്പരപ്പിന്റെ അതാര്യമായ മണലോളങ്ങളിൽ പുകഞ്ഞുവീഴവെ 'എവിടെപ്പോയി കടൽ...' എന്ന അവന്റെ ഭീതിപൂണ്ട ചോദ്യത്തിലേക്ക് പെണ്ണെന്ന 'സ്റ്റഫി'ന്റെ ശക്തിയാർന്ന തേജോരൂപം അവൾ വെളിപ്പെടുത്തുന്നു.  അവന് അമ്പരപ്പായിരുന്നു. 
"കടലിന് പോലും അഹങ്കരിക്കാനാവില്ല ഭൂമിയിൽ, വറ്റിപ്പോയാൽ അതും വെറുമൊരു മരുഭൂമി" 
അതിൽ കൂടുതൽ എന്തിന് പറയേണ്ടിയിരുന്നു. പക്ഷെ ഉള്ളിൽ അണകെട്ടിവച്ച ഒരു കോളിനെ തുറന്നുവിടാതിരിക്കാനാവുമായിരുന്നില്ല അവൾക്ക്.

"അത് ലോകത്തിന്റെ നിലനിൽപ്പിനായി ഞങ്ങൾ ചെയ്യുന്ന ത്യാഗം, അതില്ലാതായാൽ ഈ കടൽ നഷ്ടപ്പെട്ട ഭൂമിയെപ്പോലെയാകും നിങ്ങളും...." ആൺഭാവത്തിന്റെ കൂമ്പൊടിക്കുന്ന മുന്നറിയിപ്പ്... അവളുടെ കൺതീയിൽ ജ്വലിച്ച് ഗർവ്വിന്റെ മേലാടകൾ ഉരുകിയൊലിച്ച് നഗ്നനാവുമ്പോൾ  അക്ഷമനായി അവൻ വേറൊരു പുറപ്പാടിന്റെ ഒളിമറയിൽ മുഖം ഒളിപ്പിക്കുന്നുണ്ട്.

"ഇനിയെങ്ങോട്ട്...? നമുക്ക് തുടർന്ന് പറക്കാനുള്ള ആകാശം കൂടി നീ നഷ്ടപ്പെടുത്തിയിരിക്കുന്നു..." 
"ചുറ്റുപാടുകൾ ഉപേക്ഷിക്കുമ്പോൾ നഷ്ടത്തിലേക്കാണെന്ന് നീ അറിഞ്ഞില്ലായിരുന്നോ...?" കാര്യം ഒന്നൊന്നായി ഉറച്ച് പറയുമ്പോഴും അവൾക്ക്  പ്രിയം തന്നെ അവനോട്... 


പരാജയപ്പെട്ട ഒരു പരീക്ഷണമെങ്കിലും,  ഉത്തരം അടക്കം ചെയ്ത ഒരുപാട് ചോദ്യങ്ങൾ മറുപാതിയിലെ മനുഷ്യകുലത്തിന് സമർപ്പിച്ചുകൊണ്ടാണ് 'ആകാശം നഷ്ടപ്പെട്ട പറവകൾ' ഇരുളിമയെത്തുന്നതും കാത്ത് കഥാവശേഷരാവുന്നത്. പ്രണയവും യുദ്ധക്കൊതിയും മുതൽ കുടുംബബന്ധങ്ങളും വികസനമോഹങ്ങളും വരെ, രാസശാലകൾ മുതൽ പരിസ്ഥിതി ആഘാതങ്ങൾ വരെ... 
ചോദ്യങ്ങളുടെ കാരമുള്ളുകൾ...! 
അവരവരെയെങ്കിലും സ്നേഹിക്കാനാവുന്ന ഒരു കാലത്ത് ഇവയ്ക്കെല്ലാം ഒരു പുനർവ്യാകരണം ആവശ്യമായേക്കും.      

കഥയുടെ ഒടുവിൽ തുടർച്ച എന്ന പേരിൽ കൊടുത്ത വസ്തുതാവിശദീകരണം കഥയുടെ തുടർവായനയ്ക്ക് താഴിട്ടു എന്നതാണ് ഈ കഥയുടെ അപാകതയായി ചൂണ്ടിക്കാണിക്കാനുള്ളത്.  ഈയൊരു പശ്ചാത്തലത്തിലാവണം ചിലരെങ്കിലും ലേഖനം എന്ന രീതിയിൽ കഥയെ  വിലയിരുത്തിയത്. ആശയവിശദീകരണത്തിന് കഥാശരീരത്തിലെ ഓരോ ഇന്ദ്രിയത്തെയും ഇത്രയേറെ ഉപയോഗപ്പെടുത്തിയ ഒരു കഥ ഈയടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല. അയത്നലളിതമായ ശൈലിയിൽ മികച്ച കയ്യൊതുക്കത്തോടെ നിസാർ മനോഹരമായി തന്റെ ദൗത്യം നിർവ്വഹിച്ചിരിക്കുന്നു. കമന്റ് ബോക്സിൽ റസ് ല സാഹിർ രേഖപ്പെടുത്തിയതുപോലെ പെണ്മനസ്സിന്റെ ഏറ്റവും മനോഹരമായ ആവിഷ്കാരം കഥയെ ജീവസ്സുറ്റതാക്കുന്നു. 

കലാസാഹിത്യരൂപകങ്ങൾക്ക് മനസ്സിനെ വിമലീകരിക്കുക എന്ന 'കഥാർസിസ്' നിർവ്വഹിക്കാനാവുമെങ്കിൽ ഒട്ടേറെ മാലിന്യങ്ങളെ പുറന്തള്ളാൻ 'ആകാശം നഷ്ടപ്പെട്ട പറവകൾ'  ഉപയുക്തമായേക്കും. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് നിരവധി പഠനങ്ങളും വസ്തുതകളും നിറഞ്ഞ ഒരു ലേഖനം സംഭവിപ്പിക്കുന്നതിനേക്കാൾ വലിയ ഒരു ഞെട്ടൽ ഈ കഥ അനുഭവിപ്പിക്കുന്നു. കഥയിലെ  സ്നേഹപ്പക്ഷികൾ തുടങ്ങിവച്ച വിചലിതവിപ്ലവം പരാജയമായിരുന്നില്ല എന്ന് കാലം വിലയിരുത്താതിരിക്കില്ല. ജലവും വായുവും തോറ്റുപോയാൽ പിന്നെയെന്തിനാണൊരു ഭൂമി...

(ഇരിപ്പിടം വാരികയില്‍ പ്രസിദ്ധീകരിച്ചത് )

8 comments:

  1. അനുയോജ്യമായ വായന

    ReplyDelete
  2. നിസ്സർഗത്തിൽ കഥയും ഇരിപ്പിടത്തിൽ ഈ ആസ്വാദനവും നേരത്തെ തന്നെ വായിച്ചിരുന്നു .
    കഥകളെ മനസ്സിരുത്തി വായിച്ചു എഴുതുന്ന ഈ കുറിപ്പുകൾ വായനയെ പൂർണ്ണമാക്കുന്നു .
    ഇപ്പോൾ
    ഒരിക്കൽ കൂടി "ആകാശം നഷ്ടപ്പെട്ട പറവകൾ " വായിക്കണം എന്ന് തോന്നുന്നു .

    ReplyDelete
  3. നിസാറിന്റെ രചനയോട് നീതി പുലർത്തിയ നല്ല വായന. ഇരിപ്പിടത്തിൽ വായിച്ചിരുന്നു. സ്വന്തമായ ഒരു ബ്ലോഗിൽ അതു സൂക്ഷിക്കാൻ തോന്നിയത് നല്ല തീരുമാനം.....

    ReplyDelete
  4. ഇരിപ്പിടത്തില്‍ വായിച്ചിരുന്നു ..

    ReplyDelete
  5. വീടിനൊത്ത പടിപ്പുര എന്നു പറഞ്ഞ പോലെ കഥയുടെ സൌഷ്ഠവത്തിനൊത്ത അവലോകനം.

    ReplyDelete
  6. ആകാശം നഷ്ടപ്പെട്ട പറവകളുടെ ലിങ്ക് കൊടുക്കാമോ ഇവിടെ?,

    ReplyDelete
    Replies
    1. ലിങ്ക് ഈ പോസ്റ്റില്‍ തന്നെ ഉണ്ടല്ലോ..
      രണ്ടാം പാരഗ്രാഫില്‍ ചുവന്ന അക്ഷരത്തിലുള്ള "ആകാശം നഷ്ടപ്പെട്ട പറവകള്‍" ക്ലിക്ക് ചെയ്യൂ.. നിസര്‍ഗ്ഗം ബ്ലോഗില്‍ എത്താം.

      Delete